വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

 വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യുഡല്‍ഹി: പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇന്നു മുതല്‍. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്നു തന്നെ ബില്ല് പാസാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക ബില്‍ ഉള്‍പ്പടെ 25 നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും.

എന്നാല്‍ താങ്ങു വിലയ്ക്ക് നിയമ സംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും.

കൃഷി നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമം പാസാക്കുമ്പോള്‍ ഹാജരായിരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ പാര്‍ട്ടികള്‍ എംപിമാര്‍ക്ക് വിപ്പ് നല്‍കി.സമരത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലെ തന്ത്രം തീരുമാനിക്കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖര്‍ഗെ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു രാവിലെ ചേരും. യോഗത്തില്‍ നിന്ന് വിട്ടു നില്ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. അതേസമയം ശീതകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതൃപ്തി ഉണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.