ന്യൂഡല്‍ഹി: കടുത്ത അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. നാളെ മുതല്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അറിയിച്ചു.
മലിനീകരണ നില മെച്ചപ്പെട്ടപ്പോഴാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായി. മലിനീകരണത്തിന്റെ തോത് വീണ്ടും വര്‍ധിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് മന്ത്രി അറിയിച്ചു.
നേരത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
വായു മലിനീകരണം കാരണം നവംബര്‍ 13 മുതല്‍ സ്‌കൂളുകള്‍ രണ്ടാഴ്ചയിലേറെ അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നവംബര്‍ 29 തിങ്കളാഴ്ച മുതലാണ് ക്ലാസുകള്‍ പുനരാരംഭിച്ചത്. വായുമലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യവും കോടതിയുടെ വിമർശനവും കണക്കിലെടുത്താണ് നാളെ മുതല്‍ വീണ്ടും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ചത്.
അതേസമയം വര്‍ധിച്ചുവരുന്ന വായു മലിനീകരണത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തുകയും മലിനീകരണ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും 24 മണിക്കൂര്‍ സമയപരിധി നല്‍കുകയും ചെയ്തു.