ലക്‌നൗ: റോഡ് ഉദ്ഘാടനം ചെയ്യാന്‍ തേങ്ങ പൊട്ടിച്ചപ്പോള്‍ പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സാദര്‍ നിയോജക മണ്ഡലം എംഎല്‍എ സുചി മാസും ചൗധരിയാണ് തേങ്ങ ഉടയ്‌ക്കേണ്ടതിന് പകരം റോഡ് ഉടച്ചത്. കുപിതയായ എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവത്തില്‍ നടപടിയെടുക്കുമെന്നും അറിയിച്ചു.
ബിജ്നോരിലെ ഏഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ പൊട്ടിച്ചപ്പോള്‍ ഉടഞ്ഞ് പോയത്. ഇതിനു പിന്നാലെ റോഡ് പണി പരിശോധിക്കണമെന്ന് ഉത്തരവിടുകയായിരുന്നു. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ എംഎല്‍എ സ്ഥലത്ത് തന്നെ തുടരുകയായിരുന്നു. മൂന്ന് മണിക്കൂറോളമാണ് അവര്‍ അവിടെ കാത്തു നിന്നത്.
1.16 കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. 7.5 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാന്‍ ശ്രമിച്ചപ്പോള്‍ തേങ്ങ ഉടഞ്ഞില്ല. പക്ഷെ റോഡിന്റെ ചില ഭാഗങ്ങള്‍ ഇളകി വന്നുവെന്ന് എംഎല്‍എ പറഞ്ഞു.
പരിശോധിച്ചപ്പോള്‍ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല എന്ന് അവര്‍ കുറ്റപ്പെടുത്തി.
ഉദ്ഘാടനം നിര്‍ത്തിവെച്ച എംഎല്‍എ ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ച് മൂന്നംഗ സമിതി രൂപീകരിച്ചു. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.