സുരക്ഷാസേനയുടെ വെടിയേറ്റ് നാഗാലാന്‍ഡില്‍ 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

 സുരക്ഷാസേനയുടെ വെടിയേറ്റ് നാഗാലാന്‍ഡില്‍ 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു

കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 11 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു ജവാനും വീരമൃത്യു വരിച്ചു.
മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. ഗ്രാമവാസികളെ കലാപകാരികളെന്നു തെറ്റിദ്ധരിച്ചു വെടിവച്ചതാണെന്നാണ് സൂചന.

സാധാരണക്കാരുടെ കൊലപാതകം നിര്‍ഭാഗ്യകരമെന്നു മുഖ്യമന്ത്രി നെഫ്യൂ റിയോ പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍, തിരു-ഒട്ടിങ് റോഡില്‍ ആക്രമണം സുരക്ഷാസേന നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഗ്രാമവാസികളെ കലാപകാരികളായി തെറ്റിദ്ധരിക്കുകയായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം.

ഗ്രാമവാസികള്‍ കൊല്ലപ്പെട്ടതോടെ രോഷാകുലരായ ജനക്കൂട്ടം സുരക്ഷാസേനയെ വളഞ്ഞു. സ്വയം പ്രതിരോധത്തിനായി സൈന്യത്തിന് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കേണ്ടി വന്നതായും നിരവധി ഗ്രാമീണര്‍ക്ക് വെടിയേറ്റതായും പൊലീസ് അറിയിച്ചു. കൂടാതെ സുരക്ഷാ സേനയുടെ നിരവധി വാഹനങ്ങള്‍ക്ക് ജനക്കൂട്ടം തീയിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.