കേന്ദ്രം ഉറപ്പു നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലെന്ന് കര്‍ഷകര്‍; സമം തുടരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ

കേന്ദ്രം ഉറപ്പു നല്‍കിയ നിര്‍ദേശങ്ങളില്‍ വ്യക്തതയില്ലെന്ന് കര്‍ഷകര്‍; സമം തുടരുന്നത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കൂടുതല്‍ വാഗ്ദാനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില അടക്കം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മിക്കവതും കേന്ദ്രം ഇതുസംബന്ധിച്ച് കേന്ദ്രം കര്‍ഷക സംഘടനകള്‍ക്ക് രേഖാമൂലം ഉറപ്പു നല്‍കി.

എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷം സര്‍ക്കാരിന്റെ ഉറപ്പുകളില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ടെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സമരത്തിന്റെ ഭാവിയും സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങളും അഞ്ചംഗ സമിതി നാളെ ചര്‍ച്ചചെയ്യും. ഇതിന് ശേഷം സമരം അവസാനിപ്പിക്കണോ എന്ന തീരുമാനം പ്രഖ്യാപിക്കും.

എംഎസ്പി സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഒരു കമ്മിറ്റി രൂപവത്കരിക്കുമെന്നും വൈക്കോല്‍ കത്തിച്ചതിന് കര്‍ഷകരുടെ പേരിലുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ കര്‍ഷക സംഘടനകള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കര്‍ഷകരുടെ മറ്റു ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.

എംഎസ്പി സംബന്ധിച്ച കമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരുകളുടേയും കര്‍ഷകരുടേയും വിദഗ്ധരുടേയും പങ്കാളിത്തം ഉറപ്പാക്കും. ഉത്തര്‍പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും. സമരം പിന്‍വലിക്കുന്ന മുറയ്ക്കാകും ഇതുണ്ടാകുക. മറ്റു സംസ്ഥാന സര്‍ക്കാരുകളോടും കേസുകള്‍ പിന്‍വലിക്കാന്‍ നിര്‍ദേശിക്കുമെന്നും കേന്ദ്രം നല്‍കിയ കത്തില്‍ പറയുന്നു.

പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ നഷ്ടപരിഹാരം നല്‍കുമെന്ന് തത്വത്തില്‍ അംഗീകരിച്ചതായും കത്തില്‍ പറയുന്നു. പഞ്ചാബ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ബില്‍ സഭയില്‍ വെക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തും. മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷക വിരുദ്ധമായ ക്രിമിനല്‍ നടപടി ഒഴിവാക്കുമെന്നും കത്തില്‍ പറയുന്നു.

ലഖിംപുര്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കത്തില്‍ പ്രതിപാദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. എംഎസ്പിയിലും വൈദ്യുത ബില്ലിലും വ്യക്തയില്ലെന്നും കര്‍ഷക സഘടനാ പ്രതിനിധകള്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കൂടുതല്‍ കൂടിയാലോചനകള്‍ നാളെ നടത്തും. അതിന് ശേഷം തീരുമാനമുണ്ടാകുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.