ന്യൂഡല്‍ഹി: ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് അപകടത്തില്‍ മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയുടെ സുരക്ഷാ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്തു. 2020ല്‍ ജനറല്‍ ബിപിന്‍ റാവത്ത് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായ ഒഴിവില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരസേനയുടെ അമരത്തെത്തിയ ജനറല്‍ എം.എം.നരാവനെയ്ക്ക് നറുക്കു വീഴുമെന്നാണ് സൂചന.
മൂന്ന് സേനകളെയും ഏകോപിപ്പിക്കുന്ന ചുമതലയുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് സ്ഥാനത്തേക്ക് ഏറ്റവും സീനിയര്‍ ആയ ഓഫീസറെയാണ് പരിഗണിക്കുക. അതിനാല്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരാവനെ, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവരില്‍ നിന്നാണ് പുതിയ ആളെ തിരഞ്ഞെടുക്കേണ്ടത്.
എയര്‍ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി ഇക്കഴിഞ്ഞ സെപ്തംബറിലും മലയാളിയായ അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ഇക്കഴിഞ്ഞ നവംബര്‍ 30മാണ് ചുമതലയേറ്റത്. അതിനാല്‍ സേനയെ നയിച്ച പരിചയവും കരസേനാ മേധാവിയെന്ന പരിഗണനയും ജനറല്‍ നരാവനയ്ക്ക് തുണയായേക്കും. ജനറല്‍ നരാവനയ്ക്ക് നറുക്കു വീണാല്‍ കരസേനയ്ക്ക് പുതിയ മേധാവി വരും.