മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് കേരളം ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം ഒഴുക്കുന്നതിനെതിരെ ജനരോഷം ശക്തമായതോടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. വീടുകളില്‍ വെള്ളം കയറി ഉണ്ടായ ദുരിതക്കാഴ്ച്ചകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.

അടിയന്തിര ഇടപെടല്‍ വേണ്ട വിഷയമാണ് ഇതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും മേല്‍നോട്ട സമിതി ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നും കേരളം ആരോപിക്കുന്നു. ജന ജീവിതത്തെ ഗുരുതരമായി ബാധിച്ചിട്ടും സ്ഥിതി വിലയിരുത്താന്‍ മേല്‍നോട്ട സമിതി തയ്യാറായില്ല. കേരളത്തിന്റെ ആശങ്ക തമിഴ്‌നാടും വകവെക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജലനിരപ്പ് കുറച്ച് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.