ഹരിയാനയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണ ശ്രമം

ഹരിയാനയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ തീവ്ര ഹിന്ദു സംഘടനകളുടെ ആക്രമണ ശ്രമം

ചണ്ഡിഗഡ്: ഹരിയാനയിലെ റോത്തകില്‍ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെ വിവിധ തീവ്ര ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ആക്രമണ ശ്രമം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ഒരു പറ്റം ആളുകള്‍ ദേവാലയത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മതപരിവര്‍ത്തനം സംബന്ധിച്ച് പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് റോത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ ക്യാപ്റ്റന്‍ മനോജ് കുമാര്‍ വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണത്തിലും മതപരിവര്‍ത്തനം നടക്കുന്നതായ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണ സാധ്യതയുണ്ടെന്ന് കാണിച്ച് ഒരു പരാതി നേരത്തേ ലഭിച്ച സാഹചര്യത്തില്‍ പ്രാര്‍ത്ഥനാ ഹാളിന് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷമായി വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടക്കുന്നുണ്ട്. തങ്ങള്‍ ആരേയും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്നും ആരാധനാലയത്തിലെ പാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മാതൃകയില്‍ ഹരിയാനയിലെയും കര്‍ണാടകയിലെയും ബിജെപി സര്‍ക്കാരുകള്‍ നിയമം കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹം തടയാനും ഉദ്ദേശമുണ്ട്. നിയമം നടപ്പായാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പത്തു വര്‍ഷം തടവും 50,000 രൂപ പിഴയും ലഭിക്കുന്ന കുറ്റമായി മാറും.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.