ബെംഗളൂരു: ഹെലിക്കോപ്ടര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വിദഗ്ധ ചികിത്സ്‌ക്കായി വ്യാഴാഴ്ചയാണ് അദ്ദേഹത്തെ ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. വരുണ്‍ സിങ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആ പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ രാജ്യം അദ്ദേഹത്തിന്റെ ആരോഗ്യ നില വിലയിരുത്തുന്നത്. നിലവില്‍ വെന്റിലേറ്റര്‍ സഹായത്തില്‍ തന്നെയാണ് വരുണ്‍ സിങ്.
രക്ത സമ്മര്‍ദ്ദത്തില്‍ പെട്ടെന്ന് വ്യത്യാസം ഉണ്ടാകുന്നതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം. കൂനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്നും വിദഗ്ദ ചികിത്സയ്ക്കായാണ് ബെംഗ്ലൂരുവിലേക്ക് എത്തിച്ചത്.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ സ്വീകരിക്കാനായാണ് വരുണ്‍ സിംഗ് സുലൂരിലേക്ക് പോയത്. വരുണിന് ജീവിതത്തിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പ്രതികരിച്ചു. രാജ്യവും അതിനായുള്ള പ്രാര്‍ത്ഥനയിലാണ്.