അമൃത്സര്‍: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയവരെ സുവര്‍ണ ക്ഷേത്രത്തില്‍ ഇന്ന് ആദരിക്കും. ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആദരം. ഭാവിയിലും കര്‍ഷക സംഘടനകള്‍ക്ക് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് സമിതി അറിയിച്ചു.
അതേസമയം കര്‍ഷക കൂട്ടായ്മ അവസാനിച്ചിട്ടില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കര്‍ഷകര്‍ ആവശ്യപ്പെടുന്നിടത്തെല്ലാം കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 17ന് തമിഴ്‌നാട്ടിലും 19ന് മഹാരാഷ്ട്രയിലെ വാര്‍ധയിലും യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ടിക്കായത്ത് വ്യക്തമാക്കി.
സമരഭൂമിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടി നടത്തിയത് രാജ്യമമാകെ ചര്‍ച്ചയായി മാറിയിരുന്നു. രിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ചാണ് വിമാനത്തില്‍ നിന്ന് പുഷ്പ വൃഷ്ടി നടത്തിയത്. വിദേശ ഇന്ത്യക്കാരാണ് വിമാനം സംഘടിപ്പിച്ച് പുഷ്പവൃഷ്ടി നടത്തിയത്. ഒരു വര്‍ഷം നീണ്ട സമരത്തിനൊടുവിലാണ് കര്‍ഷകര്‍ വീടുകളിലേക്ക് മടങ്ങിയത്.
സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി രാജ്യമെങ്ങും കര്‍ഷകര്‍ വിജയദിനമായി കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാന്‍ സംയുക്ത മോര്‍ച്ച സമരം അവസാനിപ്പിച്ചത്.