ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ക്കു ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് ലൈസന്‍സില്ലെന്നും ആര്‍ബിഐ അംഗീകാരമില്ലെന്നും നിര്‍മല ചൂണ്ടിക്കാട്ടി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയത്.
പ്രാഥമിക സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിയന്ത്രണങ്ങളാണ് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ സംഘങ്ങളെയും ആയിരക്കണക്കിനു മറ്റു സഹകരണ സംഘങ്ങളെയും പ്രതികൂലമായി ബാധിക്കും.
2020 സെപ്റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നത്. ഈ വ്യവസ്ഥ കേരളത്തില്‍ നിര്‍ദേശിക്കപ്പെട്ട പോലെ നടപ്പായില്ല. അതേസമയം ബാങ്കിങ് നിയമഭേദഗതി ചട്ടത്തിനു ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നുവെന്നും ഇതു മറികടക്കാനുള്ള ശ്രമമാണു റിസര്‍വ് ബാങ്ക് നടത്തുന്നതെന്നും സഹകരണമന്ത്രി വി.എന്‍.വാസവന്‍ കുറ്റപ്പെടുത്തി.