ശ്രീനഗര്‍ ഭീകരാക്രമണം: പിന്നില്‍ കശ്മീര്‍ ടൈഗേഴ്സാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ്

ശ്രീനഗര്‍ ഭീകരാക്രമണം: പിന്നില്‍ കശ്മീര്‍ ടൈഗേഴ്സാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ്

ന്യൂഡൽഹി: ശ്രീനഗറില്‍ പൊലീസ് വാഹനത്തിന് നേരെ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ഭാഗമായ കശ്മീര്‍ ടൈഗേഴ്സാണെന്ന് ജമ്മു കാശ്മീര്‍ പൊലീസ്. ഭീകരാക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. 14 പോലീസുകാർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ഇന്നലെ വൈകിട്ട് പാന്ത ചൗക്ക് മേഖലയില്‍ സീവാന്‍ പൊലീസ് ക്യാമ്പിന് സമീപത്ത് വച്ചാണ് പൊലീസ് സേനാംഗങ്ങള്‍ സഞ്ചരിച്ച ബസിനുള്ളില്‍ കയറി രണ്ട് ഭീകരര്‍ വെടിവച്ചത്. വിവിധ സുരക്ഷാ സേനകളുടെ നിരവധി ക്യാമ്പുകളുള്ള അതീവ സുരക്ഷാ മേഖലയാണിവിടം. ബസിനുള്ളിലേക്ക് കടന്നുകയറിയ ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ തുരുതുരാ വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം ബസ് ബുള്ളറ്റ് പ്രൂഫ് അല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ജമ്മു കാശ്‌മീരിലെ ബന്ദിപ്പോരയില്‍ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.