ബെംഗളൂരു: തലവേദനയെ തുടര്‍ന്ന് ആള്‍ ദൈവത്തിനടുത്ത് ചികിത്സക്കെത്തിയ യുവതി മര്‍ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ തെരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. കര്‍ണാടക ഹാസനിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതിയാണ് (37) മരിച്ചത്.
ചികിത്സയുടെ ഭാഗമായി തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചത്. പാര്‍വതിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് 42കാരനായ മനു ഒളിവിലാണ്. ഇയാള്‍ക്കെതിരെ ശ്രാവണബലഗോള പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രണ്ടുമാസമായി പാര്‍വതിക്ക് വിട്ടുമാറാത്ത തലവേദനയുണ്ടായി. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും തലവേദന മാറിയില്ല. പരിശോധനയില്‍ യുവതിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്നാണ് പാര്‍വതിയും ഭര്‍ത്താവ് ജയചന്ദ്രനും ആള്‍ദൈവത്തെ സമീപിച്ചത്. പാര്‍വതിയുടെ ബന്ധുവായ യുവതിയാണ് ആള്‍ദൈവം തലവേദന മാറ്റുമെന്ന് പറഞ്ഞ് അവിടെ പോകാന്‍ നിര്‍ദേശിച്ചത്.
ചികിത്സയുടെ ആദ്യദിനം ആള്‍ദൈവം ഇവര്‍ക്ക് നാരങ്ങ നല്‍കി അടുത്ത ദിവസം വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും ബന്ധുക്കളും വീണ്ടുമെത്തി. തലവേദന മാറാനാണെന്ന് പറഞ്ഞ് ആള്‍ദൈവം പാര്‍വതിയുടെ തലയിലും ശരീരത്തിലും വടികൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ പാര്‍വതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.