കാര്‍ഗോ കംപാര്‍ട്മെന്റില്‍ ഉറങ്ങിപ്പോയി: ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍; പിന്നീട് ഇന്ത്യയിലേക്ക്

കാര്‍ഗോ കംപാര്‍ട്മെന്റില്‍ ഉറങ്ങിപ്പോയി: ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍; പിന്നീട് ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസിന്റെ കാര്‍ഗോ കംപാര്‍ട്മെന്റില്‍ ജോലിക്കിടയിൽ ഉറങ്ങിപ്പോയ ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്ളൈറ്റിലെ ജീവനക്കാരനാണ് കാർഗോ കംപാർട്മെന്റിൽ അറിയാതെ ഉറങ്ങിപ്പോയത്.

ഞായറാഴ്ച്ചയിലെ ഫ്ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം തൊഴിലാളി അതിനു സമീപം തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. കാർഗോയുടെ വാതിൽ അടഞ്ഞുപോയെന്നും മുംബൈ വിമാനത്താവളത്തിൽ നിന്ന് വിമാനം പൊങ്ങിയ ശേഷമാണ് ജീവനക്കാരൻ എഴുന്നേറ്റതെന്നും ഏവിയേഷൻ റെഗുലേറ്റർ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

അബുദാബിയിൽ വിമാനമിറങ്ങിയ ശേഷം അധികൃതർ ചുമട്ടു തൊഴിലാളിയുടെ വൈദ്യപരിശോധന നടത്തി. അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തിൽ തന്നെ യാത്രക്കാരനായി മുംബൈയിലേക്ക് തിരിച്ചയച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥരും ഇൻഡിഗോ എയർലൈൻസ് വക്താവും അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.