ന്യൂഡല്‍ഹി: ബഹിരാകാശ രംഗത്ത് വന്‍ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ. വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ ആറ് സുപ്രധാന കരാറുകളിലാണ് ഐഎസ്ആര്‍ഒ ഒപ്പിട്ടിരിക്കുന്നത്. 2021-23 വര്‍ഷത്തിനുള്ളിലാണ് ഇന്ത്യ നാല് വിദേശ രാജ്യങ്ങളുമായുള്ള ആറ് കരാറുകളിലൂടെ വിവിധ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനൊരുങ്ങുന്നത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് രാജ്യസഭയില്‍ ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികളെക്കുറിച്ച് അറിയിച്ചത്. ആറ് ഉപഗ്രഹ വിക്ഷേപണ കരാറുകളി ലൂടെ 1200 കോടി രൂപയാണ് സമ്പാദിക്കാനാവുക. വാണിജ്യാടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന മേഖലയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മേഖല വഹിക്കുന്ന പങ്കും സിങ് വിവരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യാ ലിമിറ്റഡാണ് വിദേശ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നത്. ഇതുവരെ 34 വിദേശ രാജ്യങ്ങളുടെ 342 ഉപഗ്രങ്ങള്‍ ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു കഴിഞ്ഞു. 124 തദ്ദേശീയ ഉപഗ്രങ്ങള്‍ ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുണ്ട്. ഇതില്‍ 12 എണ്ണം വിദ്യാഭ്യാസ മേഖലയ്ക്കുവേണ്ടി മാത്രമുള്ളതാണ്. ബഹിരാകാശ വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വലിയ തുകയാണ് ബജറ്റില്‍ നീക്കി വച്ചിട്ടുള്ളത്.