ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംക്കോട്ടില്‍ ജോസിന്റെയും ആനിയുടെയും മകന് ജിതിന് (27), കോട്ടയം വലകമറ്റം വീട്ടില്‍ സോണി ജേക്കബിന്റെയും മിനിയുടെയും മകന് സോനു (27) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ച 12.30ഓടെ ടോള്‍പ്ലാസക്ക് സമീപത്തെ സര്‍വിസ് റോഡിലാണ് അപകടം. ഇരുവരും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിന് ഹെബ്ബാഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ജിതിന് ബെംഗളൂരുവില്‍ സി.സി.ടി.വി ബിസിനസ് ചെയ്തുവരുകയായിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനാണ് സോനു.
എതിരെവന്ന ബൈക്കിലുണ്ടായിരുന്ന ബെംഗളൂരു സ്വദേശികളായ രണ്ടുപേരുടെയും നില ഗുരുതരമാണ്. ജിതിന്റെ സഹോദരി: ജീതു ജോസ്. ജിതിന്റെ മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കര്‍ണാടക പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാനന്തവാടി പുതിയിടം ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍. സോനുവിന്റെ സഹോദരിമാര്‍: മിനു സോണി, സിനു സോണി.