മതപരിവര്‍ത്തന നിരോധന ബില്‍; ചര്‍ച്ച നാളെ നിയമസഭയില്‍; ബെംഗളൂരുവില്‍ 40 സംഘടനകളുടെ പ്രതിഷേധം

 മതപരിവര്‍ത്തന നിരോധന ബില്‍; ചര്‍ച്ച നാളെ നിയമസഭയില്‍; ബെംഗളൂരുവില്‍ 40 സംഘടനകളുടെ പ്രതിഷേധം

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ച കര്‍ണ്ണാടക നിയമസഭയില്‍ നാളെ നടക്കും. രാവിലെ പത്തിന് ബില്‍ ചര്‍ച്ച ചെയ്യുമെന്ന് സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡെ കഗേരി അറിയിച്ചു. മതപരിവര്‍ത്തന നിരോധന ബില്ലിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ബെംഗളൂരുവില്‍ 40 സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സര്‍ക്കാര്‍ തങ്ങളെ കേള്‍ക്കുന്നില്ലെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ വ്യക്തമാക്കി.


നിര്‍ബന്ധിത മതം മാറ്റം നടത്തുവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും നിര്‍ദ്ദേശിക്കുന്നതാണ് ബില്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. പകര്‍പ്പ് ലഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നിര്‍ബന്ധിച്ചോ, സമ്മര്‍ദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നല്‍കിയോ മതപരിവര്‍ത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും. കൂടാതെ മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നല്‍കുന്ന പരാതി പ്രകാരം പൊലീസിന് കേസെടുക്കാം.

സംസ്ഥാനത്ത് നിയമം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിയമ വിരുദ്ധമാണെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയും നിയമം നടപ്പാക്കാന്‍ തീരുമാനിച്ചത്.

നേരത്തെ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.