കാര്‍ഷിക നിയമങ്ങങ്ങൾ വീണ്ടും നടപ്പിലാക്കുമെന്ന് സൂചന നല്‍കി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

കാര്‍ഷിക നിയമങ്ങങ്ങൾ വീണ്ടും നടപ്പിലാക്കുമെന്ന് സൂചന നല്‍കി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച മൂന്നു കാര്‍ഷിക നിയമങ്ങൾ വീണ്ടും നടപ്പിലാക്കിയേക്കാമെന്ന സൂചന നല്‍കി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒരു കര്‍ഷക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇത്തരമൊരു സൂചന നല്‍കിയത്.



സ്വാതന്ത്ര്യം ലഭിച്ച്‌ 70 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ വലിയ വിപ്ലവമായിരുന്നെന്ന് തോമര്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ക്ക് ആ നിയമങ്ങള്‍ ഇഷ്ടമായില്ല. എന്നാല്‍ സര്‍ക്കാരിന് അതില്‍ നിരാശയില്ല. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. ഞങ്ങള്‍ക്ക് ഒരു ചുവട് പിന്നോട്ടു വയ്ക്കേണ്ടി വന്നെങ്കിലും മുന്നോട്ട് പോകുക തന്നെ ചെയ്യും. കാരണം കര്‍ഷകരാണ് ഇന്ത്യയുടെ നട്ടെല്ലെന്നും തോമര്‍ പറഞ്ഞു.

നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് രണ്ട് ദിവസം മുന്‍പായി എം.പിമാര്‍ക്ക് നല്‍കിയ സര്‍ക്കാര്‍ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടായിരുന്നു തോമര്‍ സ്വീകരിച്ചത്. കര്‍ഷകരുടെ നില മെച്ചപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ നിയമങ്ങള്‍ രൂപീകരിച്ചതെന്നും ഇവയുടെ ഗുണഫലങ്ങളെക്കുറിച്ച്‌ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും തോമര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ നവംബര്‍ 19നാണ് മൂന്നു കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചത്. തുടര്‍ന്ന് നവംബര്‍ 29ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഫാം ലോസ് റിപ്പീല്‍ ബില്‍ പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.