ന്യൂഡൽഹി: ക്രിസ്മസിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്രസർക്കാരിനെയും ട്വീറ്റുകളിലൂടെ പരിഹസിച്ച് കോൺഗ്രസ്. കുതിച്ചുയർന്ന പെട്രോൾ വിലയും വിലക്കയറ്റവുമൊക്കെയാണ് ട്വീറ്റിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പരിഹാസ വിഷയം.
ദൈവത്തിന് നന്ദി, സാന്റാ മഞ്ഞുവണ്ടിയിൽ വരുന്നതിന്. അദ്ദേഹത്തിന് വൻതുക ഇന്ധനത്തിന് ചിലവഴിക്കേണ്ടി വരില്ലല്ലോ എന്നാണ് ഒരു ട്വീറ്റ്. പെട്രോളിന്റെ വിലയെ കുറിച്ചുള്ള പരിഹാസമാണ് ഇതിൽ.
'സാന്റ എല്ലാവരുടെയും ആഗ്രഹങ്ങൾക്ക് കാതോർക്കുന്നതിന് ദൈവത്തിന് നന്ദി. കാരണം, മോഡിജി അദ്ദേഹത്തിന്റെ 'മൻ കീ ബാത്ത്' മാത്രമേ കേൾക്കാറുള്ളൂ' എന്നാണ് മറ്റൊരു ട്വീറ്റ്.
'ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ് തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, റോഡുകൾ, റെയിൽവേ- മോദിജി വിൽക്കുന്ന ചില വസ്തുക്കളാണ് ഇവ' എന്നാണ് വേറൊരു ട്വീറ്റ്.
എല്ലാവർക്കും സമ്മാനം നൽകാൻ സാന്റ ഉള്ളതിന് ദൈവത്തിന് നന്ദി. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വയം സമ്മാനം നൽകുന്നതിലും അദ്ദേഹത്തിന്റെ ക്രോണി ക്യാപിറ്റലിസ്റ്റ് സുഹൃത്തുക്കൾക്ക് സമ്മാനം നൽകുന്നതിലും തിരക്കിലാണ് എന്നും ട്വിറ്ററിലൂടെ കേന്ദ്ര സർക്കാരിനെ കോൺഗ്രസ് പരിഹസിക്കുന്നു.