ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 923 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ 496 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.29 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ കേസുകള്‍ ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഒരു ദിവസം കഴിയുമ്പോഴാണ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന.
മുംബൈയിലും സമാനമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 1377 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്നലെ കേസുകളുടെ എണ്ണം 2510 ആയി ഉയര്‍ന്നു. 82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ ആശങ്ക രേഖപ്പെടുത്തി. കേസുകള്‍ ഇനിയും വര്‍ധിച്ചാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.