സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന്റെ തലയ്ക്ക് വെടിയേറ്റു; ഗുരുതര പരിക്ക്

 സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന്റെ തലയ്ക്ക് വെടിയേറ്റു; ഗുരുതര പരിക്ക്

ചെന്നൈ: സി.ഐ.എസ്.എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ 11 വയസുകാരന് വെടിയേറ്റു. തമിഴ്നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിലാണ് സംഭവം. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്ക് അബദ്ധത്തില്‍ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരു വെടി ആദ്യം വീടിന്റെ ചുമരിലാണ് കൊണ്ടത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ തലയിലും വെടിയേറ്റത്. പരിക്കേറ്റ് നിലത്തു വീണു കിടന്ന കുട്ടിയെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, നാര്‍ത്തമലൈയിലെ ഷൂട്ടിങ് പരിശീലനത്തിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തി. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.