യുപി തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തും; എല്ലാ പാര്‍ട്ടികളും അനുകൂലിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

യുപി തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തും; എല്ലാ പാര്‍ട്ടികളും അനുകൂലിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ലക്‌നൗ: യു.പി നിയമസഭാ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. ഇതോടെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യു.പി. തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള സാധ്യതകള്‍ അവസാനിച്ചു.

ഭരണകക്ഷിയായ ബി.ജെ.പി, പ്രധാന എതിരാളിയായ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി തുടങ്ങി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരെ അതില്‍ നിന്ന് സംരക്ഷിക്കാനുള്ള വിവിധ മാര്‍ഗങ്ങളും പാര്‍ട്ടികള്‍ മുന്നോട്ടു വെച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു കമ്മിഷന്‍ സംഘം ഉത്തര്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.പി തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം. ഉത്തര്‍ പ്രദേശ് സന്ദര്‍ശിച്ചതിന് ശേഷമാണ് സുശീല്‍ ചന്ദ്രയയുടെ പ്രതികരണം. എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ കേട്ടുവെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും സുശീല്‍ ചന്ദ്ര വ്യക്തമാക്കി.

വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടി നല്‍കുമെന്നും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 11,000 ബൂത്തുകള്‍ അധികം സജ്ജമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ പറഞ്ഞു. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.