ന്യുഡല്‍ഹി: സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി അഞ്ച് ശതമാനം വര്‍ധിപ്പിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളില്‍ കേരളത്തിനുള്ള വിഹിതം വര്‍ധിപ്പിക്കുക, ദേശീയ ആരോഗ്യ മിഷന്‍ ചെലവ് 100 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ദേശീയ ആരോഗ്യ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ചിലവ് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് ഇപ്പോള്‍ വഹിക്കുന്നത്. ചെറുകിട കാര്‍ഷിക, വ്യവസായ മേഖലയ്ക്ക് പ്രത്യേക പാക്കേജ് വേണം. ഇതിന് പുറമെ പ്രവാസികള്‍ക്കായി പ്രത്യേക സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിപുലമാക്കണം തുടങ്ങിയ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാരിന് മുന്നില്‍ കേരളം അവതരിപ്പിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ഇതിന് പുറമെ കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സാങ്കേതിക അനുമതി ലഭിക്കേണ്ടതായുണ്ട്. പ്രതിപക്ഷ നിലപാട് തിരിച്ചടിയാകാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.