ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണ പൂര്‍ത്തിയാക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച സമയം ഫെബ്രുവരിയില്‍ അവസാനിക്കാനിരിക്കെയാണ് കേരളത്തിന്റെ അപേക്ഷ.
കേസില്‍ ഫെബ്രുവരി പതിനാലിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന് എതിരെ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ തുടര്‍ അന്വേഷണം ആവശ്യമാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ അറിയിച്ചു.
കേസിലെ വിചാരണ നീട്ടിവയ്ക്കണമെന്ന് പ്രോസിക്യുട്ടര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.