സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാന്‍; തുടരന്വേഷണം പ്രഹസനം: ദിലീപ് സുപ്രീം കോടതിയില്‍

 സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റാന്‍; തുടരന്വേഷണം പ്രഹസനം: ദിലീപ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കരുതെന്ന് ദിലീപ്. സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിചാരണ നീട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് അനുവദിക്കരുത്. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീം കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഈ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരടക്കം അഞ്ചു പ്രതികളെ ചോദ്യം ചെയ്യുന്നത്. രാവിലെ ഒമ്പതു മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.