ഇക്കാര്യത്തില്‍ പല മാധ്യമങ്ങളിലും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്.
തിരുനല്‍വേലി: കരാറുകാരന്‍ ചതിച്ചതിനെ തുടര്‍ന്ന് മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്‌നാട്ടിലെ അംബാ സമുദ്രത്ത് പത്തനംതിട്ട രൂപതയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത മാനുവല്‍ ജോര്‍ജ് എന്ന വ്യക്തി സമീപത്തുള്ള താമരഭരണി നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തിയിരുന്നു.
ഈ കേസില്‍ വസ്തുവിന്റെ യഥാര്‍ത്ഥ ഉടമ രൂപതയാണ് എന്നതിനാല്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പല മാധ്യമങ്ങളിലും തെറ്റായ വാര്‍ത്തയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലം കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍ പ്രകാരം ചുമതലപ്പെടുത്തിയിരുന്നു.
കോവിഡ് കാലമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് ഈ സ്ഥലത്ത് നേരിട്ട് പോകുവാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ നടപടികള്‍ ആരംഭിച്ചതായി രൂപത വ്യക്തമാക്കി. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബിഷപ്പിനെ കൂടാതെ വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, വൈദികരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായി. ഇവരെ റിമാന്‍ഡ് ചെയ്തു. ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കത്തോലിക്കാ സഭയിലെ ആദരണീയനും സാത്വികനും അടുത്തറിയുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമാണ് പുണ്യ ചരിതന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന ബിഷപ്പ് സാമുവല്‍ മാര്‍ ഐറോണിയോസ്.