യുപി കേരളമായാല്‍ ജാതിയുടേയും മതത്തിന്റേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല: യോഗിക്ക് മറുപടിയുമായി പിണറായി

യുപി കേരളമായാല്‍  ജാതിയുടേയും മതത്തിന്റേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ല: യോഗിക്ക് മറുപടിയുമായി പിണറായി


തിരുവനന്തപുരം: വോട്ടു ചെയ്യുമ്പോള്‍ അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി ട്വിറ്ററില്‍ കുറിച്ചു.  മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

യുപി കേരളമായി മാറിയാല്‍ ജനങ്ങള്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്നും പിണറായി വിജയന്‍ ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളം കശ്മീര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.