ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ അയവുവരുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി മുതല്‍ രാവിലെ ആറ് മുതല്‍ രാത്രി 10 മണി വരെ പ്രചാരണം നടത്താമെന്നാണ് നിര്‍ദേശം.
രാത്രി പ്രചാരണത്തിനുള്ള വിലക്ക് 10 മണി മുതല്‍ രാവിലെ ആറ് മണി വരെയാക്കി. നേരത്തെ ഈ നിയന്ത്രണം രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയായിരുന്നു. അതേസമയം പദയാത്രകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ പദയാത്രകള്‍ നടത്താന്‍ ജില്ലാ അധികൃതരുടെ അനുമതി ആവശ്യമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്ന അത്ര പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് പദയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കൂ.