കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പുതിയ തലത്തിലേക്ക്. പാര്‍ട്ടിയെ വീണ്ടും കൈപ്പിടിയിലൊതുക്കുന്നതിനായി അനന്തരവന്‍ അഭിഷേക് ബാനര്‍ജി ഉള്‍പ്പെട്ട ദേശീയ സമിതി ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍പഴ്‌സനുമായ മമത ബാനര്‍ജി പിരിച്ചു വിട്ടു. തൃണമൂലിന്റെ സ്ഥാപകനേതാക്കള്‍ ഉള്‍പ്പെടെ 20 അംഗ പ്രവര്‍ത്തക സമിതിക്ക് രൂപം നല്‍കി.
പുതിയ ദേശീയ സമിതി ഉടന്‍ പ്രഖ്യാപിക്കും. തൃണമൂല്‍ ദേശീയ ജനറല്‍ സെക്രട്ടറിയും രണ്ടാമത്തെ ശക്തി കേന്ദ്രവുമായിരുന്ന അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ പുതിയ തലമുറ നേതാക്കള്‍ പഴയ നേതാക്കള്‍ക്കെതിരെ നിശബ്ദ യുദ്ധത്തിലായിരുന്നു.'ഒരാള്‍, ഒരു പദവി' എന്ന തൃണമൂല്‍ നയം ചിലര്‍ക്കു മാത്രമായി മമത പരിമിതപ്പെടുത്തിയെന്ന വിമര്‍ശനം അഭിഷേക് ഉള്‍പ്പെട്ട യുവതലമുറ ശക്തമാക്കിയിരിക്കെയാണ് പുതിയ നീക്കങ്ങള്‍.
മമത രൂപം കൊടുത്ത പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ അമിത് മിത്ര, പാര്‍ത്ഥ ചാറ്റര്‍ജി, സുബ്രത ഭക്ഷി, അനുബ്രത മൊണ്ഡല്‍, ഫിര്‍ഹാദ് ഹക്കീം തുടങ്ങിയവര്‍ക്കൊപ്പം അഭിഷേക് ബാനര്‍ജിയും അംഗമാണ്.