ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 നാളെ കുതിക്കും

ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04മായി പിഎസ്എല്‍വി-സി52 നാളെ കുതിക്കും

ശ്രീഹരിക്കോട്ട: മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി52 ന്റെ വിക്ഷേപണം 14നു രാവിലെ 5.59നു നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ആദ്യ വിക്ഷേപണ സ്ഥാനത്തു നിന്നാണ് റോക്കറ്റ് കുതിച്ചുയരുക. ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിക്ഷേപണം.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. 1710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 ഉപഗ്രഹം 529 കിലോമീറ്റര്‍ ഉയരത്തിലുള്ള സൗരസ്ഥിര ഭ്രമണപഥത്തിലേക്കാണ് റോക്കറ്റ് എത്തിക്കുക. മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി-സി52 വഹിക്കും.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്‌മോസ്ഫെറിക് ആന്‍ഡ് സ്‌പേസ് ഫിസിക്‌സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.

കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിന്റെ ഈര്‍പ്പം, ഭൂമിയുടെ ഉപരിതലത്തിലും താഴെയുമുള്ള വെള്ളത്തിന്റെ വിതരണത്തെയും ഒഴുക്കിനെയും കുറിച്ചുള്ള പഠനം, വെള്ളപ്പൊക്ക മാപ്പിങ് തുടങ്ങിയ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത റഡാര്‍ ഇമേജിങ ഉപഗ്രഹമാണ് ഇഒഎസ്-04. എല്ലാ കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കാന്‍ ഉപഗ്രഹത്തിനു കഴിയും.

പിഎസ്എല്‍വി-സി 52 വിക്ഷേപത്തിനുള്ള കൗണ്ട് ഡൗണ്‍ നാളെ 04:29ന് ആരംഭിക്കും. കൗണ്ട് ഡൗണ്‍ 25.5 മണിക്കൂര്‍ നീളും. വിക്ഷേപണം ഐഎസ്ആര്‍ഒയുടെ വെബ്സൈറ്റിലൂടെയും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും തത്സമയം കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.