'കേരളത്തില്‍ ചെറിയ കടക്കാര്‍ പോലും ഇംഗ്ലീഷ് സംസാരിക്കുന്നു, യു.പിയില്‍ അത് കാണാനാകില്ല'; കേന്ദ്രമന്ത്രിയെ തള്ളി മകന്‍

'കേരളത്തില്‍ ചെറിയ കടക്കാര്‍ പോലും ഇംഗ്ലീഷ് സംസാരിക്കുന്നു, യു.പിയില്‍ അത് കാണാനാകില്ല'; കേന്ദ്രമന്ത്രിയെ തള്ളി മകന്‍

ന്യൂഡല്‍ഹി: കേരളത്തെ വിമര്‍ശിച്ച കേന്ദ്ര സഹമന്ത്രി എസ്.പി സിങ് ബാഗേലിനെ തള്ളി മകന്‍ പാര്‍ഥിവ് സിങ് ബാഗേല്‍ രംഗത്ത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണെന്നും അത് യു.പിയില്‍ കാണാനാകില്ലെന്നുമായിരുന്നു പാര്‍ഥിവ് സിങ് പറഞ്ഞത്.

'കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. 2005 ജൂണിലാണ് കേരളം സന്ദര്‍ശിച്ചത്. യാത്ര കേരളത്തിലേക്ക് ആക്കാമെന്ന് അച്ഛനാണ് പറഞ്ഞത്. അന്ന് കേരളത്തില്‍ എല്ലായിടത്തും സമാധാനമായിരുന്നു. റിക്ഷക്കാരും ചെറിയ കടക്കാരും വരെ ഇംഗ്ലീഷ് സംസാരിക്കുന്നു. അത് ഒരിക്കലും ഉത്തര്‍പ്രദേശില്‍ കാണാന്‍ സാധിക്കില്ല. ആ യാത്രക്ക് ശേഷമാണ് വിദ്യാഭ്യാസത്തിന്റെ അനിവാര്യതയെപ്പറ്റി അച്ഛന്‍ തന്നോട് സംസാരിച്ചതെന്നും പാര്‍ഥിവ് സിംഗ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടായാല്‍ കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി ഉത്തര്‍പ്രദേശ് മാറുമെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. യോഗിയുടെ വിവാദ പ്രസ്താവനയെ പിന്തുണച്ചു കൊണ്ട് എസ്.പി സിങ് ബാഗേല്‍ രംഗത്തെത്തുകയായിരുന്നു.

കേരളത്തിലേത് ജനാധിപത്യ സര്‍ക്കാര്‍ അല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഫാസിസ്റ്റുകളാണ് കേരളത്തിലും ബംഗാളിലും ഭരണത്തിലുള്ളതെന്നും ഇരു സംസ്ഥാനങ്ങളിലും നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും എസ്.പി സിങ് പറഞ്ഞു. എന്നാല്‍ എസ്.പി സിങിന്റെ ഈ പ്രസ്താവനയെ തള്ളിക്കൊണ്ടാണ് മകന്‍ പാര്‍ഥിവ് സിങ് രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.