ബെംഗളൂരു: സർക്കാർ ഭൂമി കയ്യേറി നിർമിച്ചെന്ന കേസിൽ കർണാടകയിൽ ക്രിസ്തുവിന്റെ പ്രതിമ ഇടിച്ചു നിരത്തി. കോലാർ മുളബാഗിലുവിലെ ഗോകുണ്ഡെയിൽ 20 അടി ഉയരമുള്ള പ്രതിമയാണ് തകർത്തത്. ഇതേതുടർന്ന് പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തി.
ഈ പ്രതിമ 2004 ൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയാണ് നിർമിച്ചത്. ഭൂമി കയ്യേറ്റക്കേസ് ഹൈക്കോടതി പരിഗണനയിലിരിക്കെയാണ് നടപടിയെന്നാരോപിച്ച് ക്രൈസ്തവ സംഘടനാ നേതാക്കൾ രംഗത്തെത്തി. വിശ്വാസികളുടെ എതിർപ്പ് വകവയ്ക്കാതെ പൊലീസ് സഹായത്തോടെ ഇന്നലെ പുലർച്ചെ മൂന്നിനാണ് പ്രതിമ തകർത്തത്.
നേരത്തേ നോട്ടിസ് നൽകിയിരുന്നതായും കോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്നും തഹസിൽദാർ അറിയിച്ചു. എന്നാൽ, ഉത്തരവ് കാണിക്കാൻ അധികൃതർ തയാറായില്ലെന്ന് ഫാ.തെരേസ് ബാബു ആരോപിച്ചു.