ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വ്യവസായ, ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിക്ഷേപ സമാഹരണവുമായി ബന്ധപ്പെട്ട് ദുബായില്‍ വ്യവസായികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഞായറാഴ്ചയാണ് റെഡ്ഡി ഹൈദരാബാദില്‍ മടങ്ങിയെത്തിയത്.
മുന്‍ എംപി രാജ്മോഹന്‍ റെഡ്ഡിയുടെ മകനാണ്. നെല്ലൂര്‍ ജില്ലയിലെ ആത്മകൂര്‍ നിയമസഭാ മണ്ഡലത്തെയാണ് ഗൗതം റെഡ്ഡി പ്രതിനിധീകരിച്ചിരുന്നത്. യുകെയിലെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍നിന്ന് ടെക്സ്റ്റൈല്‍സില്‍ എംഎസ്സി ചെയ്ത ഗൗതം റെഡ്ഡി 2014, 2019 വര്‍ഷങ്ങളില്‍ ആത്മകൂരില്‍നിന്നാണ് നിയമസഭയിലെത്തിയത്.