ചണ്ഡിഗഡ്: വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വേണ്ടത്ര മുന്നേറ്റം നടത്താനാകാതെ വന്നതോടെ പഞ്ചാബ് കോണ്‍ഗ്രസില്‍ ചേരിപ്പോര് തുടങ്ങി. പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ധു പിന്നിലായതോടെ അദേഹത്തിന്റെ അനുയായികള്‍ പരസ്യ പ്രതികരണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി ചന്നിയുടെ ആളുകള്‍ സിദ്ധുവിനെ പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണമാണ് സിദ്ധു ക്യാംപ് ഉന്നയിക്കുന്നത്. അതേസമയം രണ്ടിടത്ത് മത്സരിക്കുന്ന ചന്നി ഈ സീറ്റുകളില്‍ മുന്നിലാണ്. 99 സീറ്റുകളിലെ സൂചനകള്‍ വന്നപ്പോള്‍ 46 സീറ്റുകളില്‍ എഎപി മുന്നിലാണ്. കോണ്‍ഗ്രസ് ഇതുവരെ 31 സീറ്റുകളില്‍ മാത്രമാണ് മേധാവിത്വം പുലര്‍ത്തുന്നത്.
എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. തുടക്കത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് എഎപി കളം പിടിക്കുകയായിരുന്നു. അഭിപ്രായ സര്‍വേകളില്‍ ആരും വലിയ സാധ്യത കല്പിക്കാതിരുന്ന ശിരോമണി അകാലിദള്‍ ശക്തമായ വെല്ലുവിളിയുമായി രംഗത്തുണ്ട്. ഇതുവരെ 13 ഇടത്ത് അവര്‍ മുന്നിലുള്ളത്. പഞ്ചാബില്‍ വേണ്ടത്ര വേരോട്ടമില്ലാത്ത ബിജെപി ഒരിടത്തും മുന്നിലുണ്ട്. ആകെ 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്.