ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വത്തെ പിന്താങ്ങി അശോക് ഗെലോട്ട് മുന്നോട്ടു വന്നത്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.
സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വം സംബന്ധിച്ച് യാതൊരു ചോദ്യങ്ങളും ഉയരേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം. അദ്ദേഹത്തിന് മാത്രമെ മോഡിയെ എതിര്‍ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് ഗെലോട്ടിന്റെ പ്രതികരണം. പാര്‍ട്ടിയിലെ ആന്തരിക സംഘര്‍ഷമാണ് പഞ്ചാബില്‍ വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണമായതെന്ന് ഗെലോട്ട് പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ജനങ്ങള്‍ക്ക് ഇഷ്മായില്ല. തിരഞ്ഞെടുപ്പില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും.
ഹിന്ദുത്വം പറഞ്ഞു ധ്രുവീകരണം നടത്തിയാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എളുപ്പമാണെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു.