ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേടിയ വന്‍ വിജയം എഎപിക്ക് അയല്‍ സംസ്ഥാനങ്ങളില്‍ ഗുണം ചെയ്യുന്നു. പഞ്ചാബിനോട് ചേര്‍ന്നു കിടക്കുന്ന ഹരിയാനയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ബിജെപിയുടെ ചില നേതാക്കളും സീറ്റ് മോഹിച്ച് എഎപി ക്യാമ്പില്‍ എത്തുന്നുണ്ട്.
നിരവധി നേതാക്കളാണ് തിങ്കളാഴ്ച അരവിന്ദ് കേജ്‌രിവാളിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഗുരുഗ്രാമിലെ എംഎല്‍എ ആയിരുന്ന ഉമേഷ് അഗര്‍വാള്‍, മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ബിജേന്ദ്ര സിങ്, ഐഎന്‍എല്‍ഡി നേതാവും മുന്‍മന്ത്രിയുമായ ബല്‍ബീര്‍ സിങ് തുടങ്ങിയവരാണ് ഇക്കൂട്ടത്തിലെ പ്രധാനികള്‍. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്റെയും രാജ്യസഭാ എംപി സുശീല്‍ ഗുപ്തയുടെയും മറ്റും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ എഎപി അംഗത്വം സ്വീകരിച്ചത്.
അടുത്ത വര്‍ഷമാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. അധികാരത്തില്‍ തിരിച്ചെത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ കുമാരി ഷെല്‍ജ, ഭൂപീന്ദര്‍ ഹൂഡ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാണ്.