ഹര്‍ഭജന് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സ്; ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ഥിയാകും

ഹര്‍ഭജന് രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്‌സ്; ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ഥിയാകും

അമൃത്സര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്ക്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയാകും. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ജയത്തിനു പിന്നാലെ എഎപിയെയും ഭഗവന്ത് മനിനെയും പ്രശംസിച്ച് ഹര്‍ഭജന്‍ രംഗത്തു വന്നിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ താരത്തിന്റെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഹര്‍ഭജന്‍ ബിജെപിയില്‍ ചേരുമെന്ന് അന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ബിജെപിയില്‍ ചേരുമെന്ന ചര്‍ച്ചകള്‍ തള്ളിയ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കൂട്ടിച്ചേര്‍ത്തു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്‍ഭജന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന ചര്‍ച്ചകളും ശക്തമായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനിന്റെ സുഹൃത്ത് കൂടിയാണ് ഹര്‍ഭജന്‍ സിംഗ്. ഭഗവന്ദ് മനിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ചുമതല ഹര്‍ഭജന്‍ സിംഗിന് നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭ സ്ഥാനാര്‍ഥിയാക്കാന്‍ ആപ്പ് ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.