അഗര്‍ത്തല: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ സ്ത്രീകള്‍ അടങ്ങുന്ന സംഘം തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 46 കാരനെയാണ് സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തില്‍ അഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായത്.
അമ്മയോടൊപ്പം മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ കളന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാര്‍ ഗന്ദാചെറ-അമര്‍പുര്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഒരുകൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അബോധാവസ്ഥയിലായ ഇയാള്‍ ആശുപത്രിയില്‍വച്ചാണ് മരണപ്പെട്ടത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.