ന്യൂഡല്‍ഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ജപ്പാന്‍ ഇന്ത്യയില്‍ 3.20 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇക്കാര്യം അറിയിച്ചത്. ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്ര തലവന്‍മാരും ചര്‍ച്ച നടത്തി. ഉന്നതതല സംഘത്തിന് ഒപ്പമാണ് ജാപ്പനീസ് പ്രധാനമന്ത്രി ഡല്‍ഹിയില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ചര്‍ച്ചയുടെ 14 ാം പതിപ്പാണ് ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്നത്.
ആഗോളതലത്തില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു. ഇന്ത്യയിലെത്തുന്ന ജാപ്പനീസ് കമ്പനികള്‍ക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മോഡി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തേക്കുറിച്ച് ജാപ്പനീസ് പ്രധാനമന്ത്രി കിഷിദയും ചൂണ്ടി കാണിച്ചു. ബുള്ളറ്റ് ട്രെയിനുകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ജപ്പാനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് കിഷിദ ഇന്ത്യയിലെത്തുന്നത്.