ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയില്‍ 'കാവിവല്‍ക്കരണം' വരുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവല്‍ക്കരിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഉത്തരാഖണ്ഡില്‍ ദേവ് സംസ്‌കൃതി സര്‍വകലാശാലയില്‍ സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പീസ് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ 'ഭാരതീയവല്‍ക്കരണം' പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണെന്ന് നായിഡു പറഞ്ഞു.
ബ്രിട്ടിഷ് അധിനിവേശ കാലത്തു കൊണ്ടുവന്ന ഇംഗ്ലിഷ് മീഡിയം വിദ്യാഭ്യാസ രീതി ഒഴിവാക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്വത്വത്തിലും സംസ്‌കാരത്തിലും അഭിമാനം കൊള്ളുന്നതില്‍ ഒരു കുഴപ്പവുമില്ല. കൊളോണിയല്‍ ചിന്താഗതിയാണ് ഒഴിവാക്കേണ്ടത്. ഭാരതീയവല്‍ക്കരണമാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാതലെന്നും മാതൃഭാഷകള്‍ക്ക് അതു പ്രാധാന്യം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.