ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രിയായി എന്‍ ബിരേന്‍ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേന്‍ സിങ് മുഖ്യമന്ത്രിയാകുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ബിരേന്‍ സിങ്ങിനെ ഐകകണ്ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു.
ബിരേന്‍ സിംഗും മുതിര്‍ന്ന എംഎല്‍എ ബിശ്വജിത് സിംഗും തമ്മിലുള്ള തര്‍ക്കമായിരുന്നു കാരണം. കേന്ദ്ര നിരീക്ഷകരില്‍ ഒരാളായ നിര്‍മല സീതാരാമനാണ് ഇന്നലെ തീരുമാനം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ ശരിവച്ചാണ് മണിപ്പൂരില്‍ ബിജെപി ഭരണത്തുടര്‍ച്ചയുറപ്പിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയും മണിപ്പൂരില്‍ ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്.