കേരളത്തിലടക്കം എഎപിക്ക് പുതിയ ചുമതലക്കാര്‍, ഗുജറാത്ത് ലക്ഷ്യമിട്ട് കേജ്രിവാളും സംഘവും

കേരളത്തിലടക്കം എഎപിക്ക് പുതിയ ചുമതലക്കാര്‍, ഗുജറാത്ത് ലക്ഷ്യമിട്ട് കേജ്രിവാളും സംഘവും

ഡല്‍ഹി: ഡല്‍ഹിക്ക് പുറത്തേക്ക് വളരുകയെന്ന സ്വപ്‌നത്തിന് പഞ്ചാബില്‍ ലഭിച്ച ഊര്‍ജവുമായി ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി കേരളമടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി പുതിയ ചുമതലക്കാരെ നിയോഗിച്ചു. എ. രാജയ്ക്കാണ് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്.

ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, അസം, രാജസ്ഥാന്‍, തെലുങ്കാന, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഗുജറാത്തില്‍ പട്യാല എംഎല്‍എ ഗുലാബ് സിങ് ആണ് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുക. 2016 മുതല്‍ എഎപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് ഗുലാബ് സിങ്. പഞ്ചാബില്‍ എഎപിയുടെ ചാണക്യനായി അറിയപ്പെടുന്ന ഡോ. സന്ദീപ് പഥക്ക് ആണ് ചുമതല വഹിക്കുക. രാഘവ് ഛദ്ദയ്ക്കാണ് പഞ്ചാബിന്റെ സഹ ചുമതലയുളളത്.

ഹിമാചല്‍ പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതല ഡല്‍ഹിയിലെ ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനാണ്. ഹരിയാനയെ സൗത്ത് ഡല്‍ഹി എംഎല്‍എ സൗരഭ് ഭരദ്വജ് നയിക്കും. പാര്‍ട്ടി എംപി സുശീല്‍ ഗുപ്തയ്ക്ക് ഡല്‍ഹിയുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനെ പിന്തള്ളി മുഖ്യ പ്രതിപക്ഷമാകുകയാണ് ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.