ചണ്ഡിഗഢ്: മതപരിവർത്തനം തടയുന്ന ബില്ല് നിയമസഭയിൽ പാസാക്കി ഹരിയാന. ഇതോടെ സംസ്ഥാനത്ത് നിർബന്ധിത പരിവർത്തനത്തിന് പിടിക്കപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ലഭിക്കും.
മാർച്ച് നാലിന് ഹരിയാന നിയമസഭയിൽ അവതരിപ്പിച്ച മതപരിവർത്തന ബില്ലാണ് പാസാക്കിയത്. ഹിമാചൽ പ്രദേശും ഉത്തർപ്രദേശും അടക്കം ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മതപരിവർത്തന ബിൽ പാസാക്കിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവരേയോ പട്ടിക വർഗത്തിൽ പെട്ട ഒരു സ്ത്രീയേയോ വ്യക്തിയേയോ മതപരിവർത്തനം ചെയ്താൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവ് ലഭിക്കും. അത് പത്ത് വർഷം വരെ നീണ്ടേക്കാം. കൂടാതെ മൂന്ന് ലക്ഷം രൂപ പിഴയും ലഭിക്കാം.
നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെ ശിക്ഷിക്കാനുള്ള നിയമം നിലവിലുണ്ടെന്ന് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് സഭയിൽ ഉയർത്തിയത്. മതപരിവർത്തനം തടയാനുള്ള പ്രത്യേക നിയമം ആവശ്യമില്ലെന്നാണ് ഹൂഡ അഭിപ്രായപ്പെട്ടത്.
“ഇത് ഹരിയാനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഞാൻ കരുതുന്നു.” കോൺഗ്രസ് നേതാവ് കിരൺ ചൗധരി പറഞ്ഞു. “ഈ ബിൽ സാമുദായിക സൗഹാർദം തകർക്കും. ഇത് ഭയാനകമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഈ ബില്ലിന്റെ രൂപത്തെയാണ് ഞങ്ങൾ എതിർക്കുന്നത്.” അവർ പറഞ്ഞു.