ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് കന്നിജയം. ആദ്യ മത്സരം തന്നെ കളിക്കുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് ഗുജറാത്ത് വീഴ്ത്തിയത്. അവസാന ഓവറുകളില്‍ രാഹുല്‍ തെവാട്ടിയ (40), അഭിനവ് മനോഹര്‍ (15) സഖ്യത്തിന്റെ ഇന്നിംഗ്‌സാണ് ഗുജറാത്തിന് അഞ്ചുവിക്കറ്റ് ജയം സമ്മാനിച്ചത്. സ്‌കോര്‍ ലക്‌നൗ: 158-6, ഗുജറാത്ത്: 161-5.
ആദ്യം ബാറ്റുചെയ്ത ലക്‌നൗ വലിയ തകര്‍ച്ചയ്ക്കു ശേഷമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 29 റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ട ലക്‌നൗവിനെ കരകയറ്റിയത് 55 റണ്‍സെടുത്ത ദീപക് ഹൂഡയുടെയും 54 റണ്‍സെടുത്ത അയുഷ് ബഡോനിയുടെയും ബാറ്റിംഗാണ്. മുഹമ്മദ് ഷമി മൂന്നുവിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന്റെ തുടക്കവും അത്ര മികച്ചതായിരുന്നില്ല. 79 റണ്‍സിനിടെ നാലു വിക്കറ്റ് വീണെങ്കിലും ഹര്‍ദിക് പാണ്ഡ്യ (33), ഡേവിഡ് മില്ലര്‍ (30) എന്നിവരുടെ അവസരോചിത ബാറ്റിംഗ് അവരെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. പിന്നാലെ വന്ന രാഹുല്‍ തെവാട്ടിയ കളിയുടെ ഗതി ഗുജറാത്തിന് അനുകൂലമാക്കുകയും ചെയ്തു.