ലണ്ടന്‍: കിഴക്കന്‍ ലണ്ടനിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനിയെ കത്തി കൊണ്ട് കുത്തിയ 23 കാരനായ ഇന്ത്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഹാമിലെ ഹൈദരാബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. ഇവിടെ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബര്‍ള എന്നയാള്‍ കുത്തിയത്.
തിങ്കളാഴ്ച തെംസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു. കുത്തേറ്റ യുവതിയുടെ ആരോഗ്യനില ആശങ്കജനകമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റെസ്റ്റോറന്റില്‍ യുവാവിന് ഭക്ഷണം വിളമ്പുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
ലണ്ടനിലെ സര്‍വകലാശാല വിദ്യാര്‍ഥിനിയാണ് സോന ബിജു. ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള ഹൈദരബാദ് വാല ബിരിയാണി റെസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തായിരുന്നു പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. സോന ബിജു കഴിഞ്ഞ ഫെബ്രുവരിയിലാണ് ലണ്ടനിലെത്തുന്നത്.