റിയാദ്: യമനിലെ ഹൂതി തീവ്രവാദികള്‍ക്ക് സൗദി അറേബ്യയില്‍ നിന്നു സഹായം നല്കിയവരുടെ പട്ടികയില്‍ ഇന്ത്യക്കാരും. സൗദി പുറത്തുവിട്ട പട്ടികയില്‍ രണ്ട് ഇന്ത്യക്കാരാണ് ഉള്ളത്. 15 സ്ഥാപനങ്ങളും ലിസ്റ്റിലുണ്ട്. തീവ്രവാദ സംഘടനകളെയും ഈ സംഘടനകള്‍ക്ക് ധന സഹായം നല്‍കുന്നവരെയും പൊതുസമൂഹത്തിന് മുന്നില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സൗദിയുടെ നീക്കം.
10 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടെയും പേരു വിവരങ്ങളാണ് ദേശീയ സുരക്ഷാ വിഭാഗം പുറത്തു വിട്ടത്. ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഇന്ത്യക്കാര്‍. ഇവരെക്കുറിച്ച മറ്റ് വിവരങള്‍ ലഭ്യമായിട്ടില്ല.
സഹായം നല്കിയ 15 കമ്പനികളില്‍ കൂടുതലും ഷിപ്പിംഗ്, മണി എക്‌സ്‌ചേഞ്ച്, ട്രേഡിങ് സ്ഥാപനങ്ങളാണ്. ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചതായി സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരുമായി ഒരു ഇടപാടും ആരും നടത്തരുതെന്നും, ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.