വില്‍ന്യസ്: റഷ്യയില്‍ നിന്നുള്ള ഇന്ധനം ഇനി ഉപയോഗിക്കില്ലെന്ന് ലിത്വാനിയ. പ്രധാനമന്ത്രി ഇംഗ്രിഡ ഷിമോണിറ്റയാണ് രാജ്യത്തിന്റെ തീരുമാനം ട്വീറ്റ് ചെയ്തത്. റഷ്യയെ എണ്ണയ്ക്കായി ആശ്രയിച്ചിരുന്ന ലിത്വാനിയ പകരം എന്തു മാര്‍ഗമാണ് കണ്ടിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതി നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായി ലിത്വാനിയ ഇതോടെ മാറും.
ഈ വര്‍ഷം അവസാനത്തോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പരമാവധി കുറയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത്. 2027 ഓടെ റഷ്യയിലെ വാതക ഇറക്കുമതിയിലുള്ള ആശ്രിതത്വം ഉപേക്ഷിക്കാന്‍ തീരുമാനം കൈക്കൊള്ളണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടിരുന്നു.
മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ഈ വര്‍ഷം യൂറോപ്പിലേക്ക് കുറഞ്ഞത് 15 ബില്യണ്‍ ക്യുബിക് മീറ്റര്‍ ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യാന്‍ പദ്ധതിയിടുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.