പ്രതിപക്ഷം അടുത്തില്ല; ശ്രീലങ്കയില്‍ സര്‍വ്വകക്ഷി ദേശീയ സര്‍ക്കാര്‍ രൂപവല്‍കരണം പാളി

പ്രതിപക്ഷം അടുത്തില്ല; ശ്രീലങ്കയില്‍ സര്‍വ്വകക്ഷി ദേശീയ സര്‍ക്കാര്‍ രൂപവല്‍കരണം പാളി

കൊളംമ്പോ: ശ്രീലങ്കയില്‍ എല്ലാ രാഷ്ട്രീയ കക്ഷികളെയും ഉള്‍പ്പെടുത്തി ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രസിഡന്റ് ഗോട്ടബയ രജപക്‌സെയുടെ നീക്കം പാളുന്നു. സര്‍ക്കാരില്‍ ചേരാനുള്ള ക്ഷണം മുഖ്യപ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിയതോടെയാണ് സര്‍ക്കാര്‍ രൂപീകരണം പാളിയത്. സര്‍ക്കാരില്‍ ചേരാനില്ലെന്നു പ്രതിപക്ഷ മുന്നണിയായ യുണൈറ്റഡ് പീപ്പിള്‍സ് പവര്‍ വ്യക്തമാക്കുകയായിരുന്നു.

കുടുംബവാഴ്ചയുടെയും അഴിമതിയുടെയും ആരോപണം നേരിടുന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ ആവശ്യപ്പെട്ടു. ജനകീയ സമരത്തെ പിന്തുണയ്ക്കാന്‍ പ്രതിപക്ഷം തീരുമനിച്ചതായി പ്രേമദാസ അറിയിച്ചു. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ ജനത വിമുക്തി പെരുമുനയും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു.

കൂടാതെ മുന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി (എസ്എല്‍എഫ്പി) ഭരണ മുന്നണി വിടുകയാണെന്നു പ്രഖ്യാപിച്ചു. പാര്‍ലമെന്റില്‍ പ്രത്യേക വിഭാഗമായി ഇരിക്കും. ഇതോടെ ദേശീയ സര്‍ക്കാരെന്ന രാജപക്‌സെ കുടുംബത്തിന്റെ തന്ത്രം പാളുകയായിരുന്നു.

അതേസമയം ശ്രീലങ്കയില്‍ കര്‍ഫ്യൂ ലംഘിച്ച് അര്‍ധരാത്രിയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്നാണ് പ്രധാന ആവശ്യം. ജനക്കൂട്ടം മന്ത്രിമാരുടെയും എംപിമാരുടെയും വീടുകളും സ്ഥാപനങ്ങളും വളഞ്ഞു. മുന്‍ മന്ത്രി റോഷന്‍ രണസിംഗെയുടെ വീട് ജനം അടിച്ചു തകര്‍ത്തു. മറ്റൊരു മന്ത്രി ഗമിനി ലകുങേയുടെ വീട്ടുവളപ്പില്‍ തീയിട്ടു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ ദക്ഷിണ ശ്രീലങ്കയിലെ തങ്കലയിലുള്ള സ്വകാര്യ വസതി ജനം വളഞ്ഞതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ജനങ്ങള്‍ സമരത്തിനിറങ്ങിയതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. സംയുക്ത സേനാമേധാവി വിദേശ നയതന്ത്ര പ്രതിനിധികളെ കണ്ടു സ്ഥിതിഗതികള്‍ വിവരിച്ചു. കൊളംബോയിലെ എംബസി പ്രതിനിധികളെ വിളിച്ചു വരുത്തിയാണ് നിലവിലെ സാഹചര്യങ്ങള്‍ ധരിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.