കീവ്: യുദ്ധക്കെടുതി രൂക്ഷമായ ഉക്രെയ്ന്‍ തലസ്ഥാനം കീവില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത് 900 മൃതദേഹങ്ങള്‍. സാധാരണക്കാരയ ജനങ്ങളുടേതാണ് ഏറെയും. ബുച്ചയില്‍ മാത്രം 350 ലേറെ മൃതദേഹങ്ങളാണ് കിട്ടിയതെന്ന് ഉക്രെയ്ന്‍ പോലീസ് പറഞ്ഞു.
മൃതദേഹങ്ങള്‍ ഏറെയും റഷ്യന്‍ സൈനത്തിന്റെ വെടിയേറ്റ് മരിച്ചവരുടേതാണ്. ഷെല്‍ ആക്രമണത്തിലും മിസൈല്‍ ആക്രമണങ്ങളിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണും മരിച്ചവരുണ്ട്. റഷ്യന്‍ പ്രദേശത്ത് ഉക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് കീവ് മേഖലയില്‍ റഷ്യ സൈനീകാക്രമണം നടത്തിയതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
തെക്കന്‍ തുറമുഖ നഗരമായ മരിയുപോളിലും അക്രമം തുടരുകയാണ്. അവിടെ മൃതദേഹങ്ങള്‍ റഷ്യന്‍ സൈനികര്‍ കുഴിച്ചുമൂടുന്നത് കണ്ടതായി പ്രദേശവാസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉന്നത സൈനീക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച് ആലോചന നടത്തി. വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
ഖേര്‍സണ്‍, സപോറിഴിയ മേഖലകളിലെ ചില പ്രദേശങ്ങള്‍ റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയെന്നും സാധാരണക്കാരായ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും സര്‍ക്കാര്‍ ജീവനക്കാരെ വേട്ടയാടുകയുമാണെന്നും സെലന്‍സ്‌കി ആരോപിച്ചു. വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍, ഒരു റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഷെല്ലാക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുട്ടി ഉള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു.
റഷ്യയുടെ ആവശ്യം ഉക്രെയ്ന്‍ ജനത മുഴുവന്‍ അംഗീകരിക്കുന്നില്ല. സ്വപ്‌നം കണ്ട് റഷ്യ നടത്തുന്ന സൈനീക നടപടികള്‍ വിഡ്ഢിത്തമാണ്. റഷ്യയെ സ്വീകരിക്കാന്‍ ഉക്രെയ്ന്‍ ജനത തയാറല്ലെന്നും റഷ്യയ്ക്ക് ഉക്രെയ്‌നെ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നും സെലന്‍സ്‌കി പറഞ്ഞു.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഉക്രെയ്‌നില്‍ നിന്ന് 50 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു.