മോസ്‌കോ: റഷ്യൻ വിരുധ നിലപാടും ഉക്രെയ്‌ൻ പിന്തുണയും പരസ്യമായി പ്രഖ്യാപിച്ച യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഉൾപ്പടെ 963 അമേരിക്കക്കാർക്ക് റഷ്യയിൽ പ്രവേശിക്കുന്നതിനു ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി വ്ളോഡിമർ പുടിൻ. ഉക്രെയ്‌ന് 40 ബില്യൺ ഡോളർ സഹായം നൽകുന്ന പാക്കേജിൽ ബൈഡൻ ഒപ്പിട്ട അതേ ദിവസം തന്നെയാണ് പുടിന്റെ ഉപരോധ നടപടി.
ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും പുറമെ മരണമടഞ്ഞ അമേരിക്കൻ നേതാക്കൾ വരെ ശനിയാഴ്ച്ച പുറത്തുവിട്ട പട്ടികയിൽ ഉണ്ട്. റഷ്യക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുക, ഉക്രെയ്‌ൻ അധിനിവേശത്തെ എതിർക്കുക തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരോധം.
അതേസമയം പുടിനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷുമർ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സിഐഎ തലവൻ വില്യം ബേൺസ്, നടൻ മോർഗൻ ഫ്രീമാൻ, ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്, പത്രപ്രവർത്തകനും സിഎൻഎൻ ലേഖകനുമായ നിക്ക് പാറ്റൺ വാൽഷ്, ചീഫ് എക്സിക്യൂട്ടീവായ ജെഫ്രി തുടങ്ങിയവരാണ് പുടിന്റെ വിലക്ക് പട്ടികയിലുള്ള പ്രമുഖർ.
അടുത്ത കാലത്തായി മരിച്ചുപോയ, യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കൻ നേതാവും മുൻ സെനറ്ററുമായ ജോൺ മക്കെയ്ൻ, 2007 മുതൽ 2015 വരെ സെനറ്റ് ഭൂരിപക്ഷ നേതാവായി പ്രവർത്തിച്ച ഡെമോക്രാറ്റ് അംഗം ഹാരി റീഡ്, 42 വർഷം റിപ്പബ്ലിക്കൻ സെനറ്ററായ ഒറിൻ ഹാച്ച് എന്നിവരുടെ പേരുകളും പട്ടികയിൽ ഉണ്ട്.
പുടിന്റെ ഉപരോധ പട്ടിക പുറത്തു വന്നതോടെ ഉക്രെയ്ൻ പിന്തുണ കൂടുതൽ ശക്തമാക്കി യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത് എത്തി. ഉക്രെയ്ൻ സൈന്യത്തിന് ആയുധവിതരണം വർധിപ്പിക്കുമെന്ന് അമേരിക്കയും യു എൻ സഖ്യകക്ഷികളും പ്രഖ്യാപിച്ചു.
പുടിന് അനഭിലഷണീയരായ ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ, ലിസ് ട്രസ്, ബെൻ വാലസ്, മറ്റ് 10 ബ്രിട്ടീഷ് സർക്കാർ അംഗങ്ങൾ എന്നിവർക്കെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.